Tuesday, April 17, 2012

മലര്‍വനിയില്‍ തനിയെ.

                        


                                 മതിലിടിഞ്ഞ് മലര്‍ വാടിയിലേക്കു മറിഞ്ഞ മംഗല്ല്യബസ്സിനരികിലേക്ക്‌ ഓടിക്കൂടിയവരില്‍ അവളുമുണ്ടായിരുന്നു.. ദേവിക.... ഇന്ന് നടക്കാനിരിക്കുന്ന ഈ മംഗല്ല്യ മേളത്തിലെ മണവാട്ടി...
   
                                      അവളുടെ വലിയ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയപ്പോള്‍ ... അടക്കിപ്പിടിച്ച തേങ്ങലുകള്‍ പതിയെ ഉയര്‍ന്ന് തുടങ്ങിയപ്പോള്‍ ... ആള്‍കൂട്ടത്തിനിടയിലെവിടെ നിന്നോ അയാളോടിയെത്തി... അവളുടെ പപ്പ..,

                       ''എന്തിനാ മോളെ കരയിണത്.. ആര്‍ക്കും ഒരപകടവും പറ്റീട്ടില്ല.. സൈഡൊതുക്കി നിറുത്തിയപ്പോ മതിലിടിഞ്ഞു ... ഒന്ന് രണ്ടു ദിവസായിട്ട് മഴ നനഞ്ഞു കുതിര്‍ന്നിരിക്കുവല്ലേ.. അത് കൊണ്ടാണ്... മോള് അകത്തോട്ടു പോയ്കൊള്ളൂ .. വേറൊരു ബസ്സിനുള്ള ഏര്‍പ്പാടൊക്കെ അച്ഛന്‍ ചെയ്തിട്ടുണ്ട്.... "
                          തിരിഞ്ഞു നടക്കുന്നതിനിടയിലും ഇടയ്ക്കിടെ ആ മലര്‍വനി പരതുന്ന നിറമിഴികളെ നോക്കി ആരോ പറഞ്ഞു ...    ''ജീവനായിരുന്നു അതിന്.. ആ പൂക്കളെ .....!''
                         
                                              ചെരിഞ്ഞു കിടക്കുന്ന ബസ്സിനെ ഉയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ പിന്നെയും ഉപ്പു ചുവക്കാത്ത കണ്ണീരു പോലെ  മഴതുള്ളികള്‍ സകലരെയും  നനച്ചു തുടങ്ങി... ഒരു മറതേടി ഓടിയകലവേ  ഇടയ്ക്കാരുടെയോ കണ്ണില്‍പെട്ടു..., കുതിര്‍ന്നു തുടങ്ങിയ  ഒരു നോട്ടു പുസ്തകം...!
                         കലങ്ങിയലിയാനൊരുങ്ങുന്ന മഷിപ്പാടുകളെ കൂട്ടി വായിച്ചു തുടങ്ങുമ്പോള്‍ മഴ മുഴുവന്‍ ശക്തിയും ആവാഹിച്ചു പെയ്തു തുടങ്ങിയിരുന്നെങ്കിലും ഗഗന നീലിമ പടര്‍ന്ന അക്ഷരങ്ങള്‍ അയാളിലേക്ക് പതിയെ ഒരു പനിചൂട് പകരുകയായിരുന്നു....

                                        ''മുന്‍പില്‍ നിരത്താന്‍ ഏക്കറിന്‍റെയോ സെന്റുകളുടെയോ കണക്കുകളില്ല. പിന്നിലേക്ക്‌ ചൂണ്ടിക്കാണിക്കാന്‍ കയറിവന്ന വിജയത്തിന്‍റെ പടവുകളുമില്ല. ആകെയുള്ളത്... ഒരു വീടാണ്..
കട്ട കെട്ടിയ ചുവരുകള്‍ താങ്ങി നിര്‍ത്തുന്ന മേല്‍ക്കൂരയില്‍ ഓടു മേഞ്ഞിരിക്കുന്നു എന്നത് കൊണ്ട് അതിനെ ഒരു കുടിലെന്നു വിളിക്കാന്‍ പറ്റില്ല.. ആ വീടിനു ചുറ്റും ഒരല്‍പം മണ്ണുണ്ട്.. പറമ്പെന്നോ  മുറ്റമെന്നോ അതിനെ പറയാന്‍ കഴിയില്ല ...
        പക്ഷെ എനിക്കതെല്ലാമാണ്.. ചുഴറ്റിയടിച്ച വിധിയുടെ കൊടും കാറ്റില്‍ പിടിച്ചു നില്‍ക്കാനാവാതെ വീണു പോയ ഒരു പാവം മനുഷ്യാത്മാവിന്‍റെ അസ്ഥിത്തറയുണ്ട്  നടുമുറ്റത്ത്‌.. എന്‍റെ അച്ഛന്‍ .... എനിക്ക് വേണ്ടി മാത്രം ജീവിച്ചു തീര്‍ക്കുന്ന  ഒരു പാവം സ്ത്രീ ജന്മമുണ്ട്.. അകത്ത്... എന്റെ അമ്മ....., അത് കൊണ്ടൊക്കെ മാത്രമാണ് ഞാനിന്നിവിടം വിട്ടു പോവാതിരിക്കുന്നത് ...
           
                         തൊട്ടടുത്ത്‌ ഒരു ബംഗ്ളാവുണ്ട് .. രണ്ടു നിലകളില്‍ പണിതുയര്‍ത്തിയ മണി മാളിക..  അതിന്‍റെ മുകളിലത്തെ നിലയില്‍ എന്നും എന്നിലേക്ക്‌ തൊടുത്തു വെച്ച രണ്ടു നേത്ര ബാണങ്ങളുണ്ടായിരുന്നു.. കണ്‍പീലികള്‍ മൂര്‍ച്ച കൂട്ടുന്ന രണ്ടു മലരമ്പുകള്‍ ... എത്ര അരുതെന്ന് വിലക്കിയിട്ടും പിന്നെയും പിന്നെയും ഞാനെന്ന പാഴ് ചെടിയിലേക്ക് ചഞ്ഞു പടരാന്‍ കൊതിച്ച ഒരു മുല്ലവള്ളി...
              ഇന്നവിടെ ആ ബംഗ്ലാവിനോളം തന്നെ ഉയരത്തില്‍ പൊങ്ങിയ.. തോരണങ്ങള്‍ നിറച്ചാര്‍ത്തേകുന്ന ഒരു പടുകൂറ്റന്‍ പന്തലുണ്ട്... അവിടെ കൊട്ടും പാട്ടും മേളവുമുണ്ട്...
ഇന്നാ വലിയ കണ്ണുകള്‍ക്ക്‌ കല്യാണമാണ്...
                                         
                                                        പക്ഷെ.. ഞാന്‍ കരയില്ല .. അമ്പിളി മാമനെ കണ്ടു മോഹിച്ച കൊച്ചു കുഞ്ഞിനെ പോലെ , തിരിച്ചറിവുണ്ടായി തുടങ്ങിയതില്‍ പിന്നെ ഓരോ ദിവസം കഴിയും തോറും ഞാന്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു... ആ അമ്പിളി കയ്യെത്താ ദൂരത്താണ്...  ആ പുഞ്ചിരി .. ആ ഷോണിമ .. അതെല്ലാം കണ്ണിനും കാതിനും  മാത്രം സ്വന്തമാണ്...  മറ്റിന്ദ്രിയങ്ങള്‍ക്കതിനെ കൊതിക്കാന്‍ അവകാശമില്ല..

               ഇന്നെന്‍റെ വിഷമം ഈ പൂന്തോട്ടമാണ്... എന്‍റെയീ പൂക്കളാണ്...
വലിയ വീട്ടില്‍ വിരുന്നു വരുന്നവര്‍ക്ക് ഇതെല്ലാം വെറും പാഴ് ചെടികലായെക്കാം..തൊടിയിലെ അനാഥ ലതാ മലരുകളായി തോന്നിയേക്കാം... അവരിതെല്ലാം ചവിട്ടി മെതിച്ചു നടന്നു പോയേക്കാം.. പിച്ചി എറിഞ്ഞു ചതച്ചരചെക്കാം... പക്ഷെ ...ഈ ചെടികളില്‍ മൊട്ടിടുന്നത് എന്‍റെ ജീവിതമാണ് .. ഇവിടെയുള്ള രണ്ടു മനുഷ്യ ജീവനുകള്‍ എങ്ങിനെ രണ്ടു നേരം ഉണ്ടും ഉറങ്ങിയും ജീവിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്...''
 
                     അയാളാ കരയുന്ന അക്ഷരങ്ങളില്‍ നിന്ന് ഒരു മാത്ര കണ്ണെടുത്ത്‌ .മറിഞ്ഞു കിടന്നു നനയുന്ന ബസ്സിനെ നോക്കി... അതിനടിയില്‍ ചതഞ്ഞു കിടക്കുന്ന പൂക്കളിലെവിടെയോ അയാളുടെ ഹൃദയ നിശ്വാസം ചെന്നുടക്കി ...
                              ''വിവാഹ മേളത്തിലേക്ക് എനിക്കും അമ്മയ്ക്കും ക്ഷണമുണ്ട്...  അമ്മ പോവട്ടെ ഞാനില്ല .. എനിക്ക് കഴിയില്ല... കയ്യെത്താ ദൂരത്തെങ്കിലും എന്നോടെന്നും ചിരിച്ച്... എന്‍റെ കൂടെ കളിച്ച്.... എന്നോട് കിന്നാരങ്ങള്‍ പറഞ്ഞ്... ഒടുവിലൊരു ദിവസം വലിയ മിഴികള്‍ നിറച്ച് ഓടി വന്ന്... നമുക്കെങ്ങോട്ടെങ്കിലും പോവാം അനന്തൂ .... എന്ന് പറഞ്ഞെന്നെ വാരിപ്പുണര്‍ന്നു തേങ്ങിയ എന്‍റെ കളിക്കൂട്ടുകാരിയെ പട്ടു ചുറ്റി പണ്ടം ചാര്‍ത്തി ഒരു മണ്ടപത്തിനുള്ളില്‍ പ്രതിഷ്ട്ടിച്ചിരുത്തിയത് കാണാനെനിക്കാവില്ല...
                                             
                                                       എന്നോളം തന്നെ ജീവനായിരുന്നു അവള്‍ക്കെന്റെ പൂവുകള്‍ .. ഈ പൂക്കളിലൂടെയായിരുന്നു അവളെന്നെ പ്രണയിച്ചത്... അവളോടൊപ്പം എന്റെയീ പൂക്കളും നഷ്ട്ടപ്പെട്ടു പോവാന്‍ പാടില്ല... എനിക്കത് സഹിക്കില്ല..           
                                        ഞാനിവിടെ കാവലിരിക്കും.... വേറൊരാളുടെയും കരസ്പര്‍ശമേല്‍ക്കാതെ ഒരു കാല്പാദത്തിനടിയിലും പെട്ട് പോവാതെ എന്‍റെയീ മലരുകളുടെ തരള ജീവനും കാത്തു കൊണ്ട് ഞാനിവിടെ ഇരിക്കും... വാടി വീഴുമ്പോള്‍ പോലും എന്‍റെ മലരുകള്‍ വേദനിക്കരുത്...  പിരിഞ്ഞു പോവുമ്പോള്‍ പോലും എന്നെ കണ്ടാ മിഴിയൊന്നു നിറയരുത് .....''
                   

      
                                              അപ്പോഴേക്കും മദിച്ചു മടുത്ത് മഴ പിന്മാറിപ്പോയിരുന്നു...  അയാളുടെ മിഴികള്‍ ചുറ്റിലും പരതുകയായിരുന്നു.. എവിടെയീ മലര്‍വാടിയുടെ കാവല്‍ക്കാരന്‍ ... എവിടെ മണവാട്ടിയുടെ ഇഷ്ട്ടക്കാരന്‍ .....?
പ്രണയിനിയും പ്രിയ പൂക്കളും നഷ്ട്ടപ്പെടുന്ന വ്യഥയില്‍ ഈ മഴയിലാരുമറിയാതെ മിഴി നീര്‍ വാര്ത് തനിച്ചിരിക്കുന്നുണ്ടാവുമോ.... അതോ ഈ ആള്‍ കൂട്ടത്തിനുള്ളിലെവിടെയെങ്കിലും എല്ലാ നോവും ഉള്ളിലൊതുക്കി ഇവരിലോരാലായി നില്‍ക്കുന്നുണ്ടാവുമോ ?

മഴ മംഗല്ല്യം കൂടി മടങ്ങി പോയപ്പോയപ്പോഴേക്കും ക്രൈനുകള്‍ ബസ്സിനെ ഉയര്‍ത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞിരുന്നു ...
വായിച്ചു കഴിഞ്ഞ നോവ്‌ പുസ്തകം ഭിത്തിയുടെ മുകളിലേക്ക് തിരുകി വച്ച്.... പാതി ഉയര്‍ത്തിക്കഴിഞ്ഞ ബസ്സിനരികിലേക്ക് അലര്‍ച്ചയോടെ ഓടിക്കൂടിയവര്‍ക്കിടയിലേക്ക് അയാള്‍ കുതിച്ചു ...  ചതഞ്ഞു പോയ പുഷ്പ ശയ്യയില്‍ കണ്ട ഒരു ശരീരത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് സകലരും...  ഇടയ്ക്ക് ഏതോ ഒരു  ശബ്ദമുയര്‍ന്നു ''ഈശ്വരാ..നമ്മുടെ അനന്തു.....!!
ആ ഗദ്ഗദം പിന്നെ ഒരലര്‍ച്ചയായി... പിന്നെ നീറുന്ന നൊമ്പരം തളം കെട്ടി നില്‍ക്കുന്ന മൂകതയായി...  ഒരു ഞെട്ടലോടെ ചോര വാര്‍ന്ന് തകര്‍ന്നു പോയ ആ മുഖത്ത്  നിന്ന് കണ്ണെടുത്തു പുറത്തു കടക്കവേ... കാതില്‍ ഒരലര്‍ച്ച കൂടെ വന്നു മുഴങ്ങി... ബംഗ്ലാവിന്റെ രണ്ടാം നിലയിലെ ജനാലക്കംബികളില്‍ പിടിച്ചലറുന്ന ആ വലിയ കണ്ണുകളെ അവിടെ അയാള്‍ കണ്ടു...
                   പ്രിയ തോഴന് യാത്രയോതി നിന്നിരുന്ന വാടാ മലരുകള്‍ ഓരോന്നായി ചതഞ്ഞരയുന്നതും കണ്ടു നില്‍ക്കെ അയാളുടെ മനസ്സില്‍ ഒരു മരവിപ്പ് പടര്‍ന്നു തുടങ്ങിയിരുന്നു ...
         മഴ നനഞ്ഞ നിണപ്പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ലാത്ത അവന്റെ അധരങ്ങള്‍ അപ്പോഴും മന്ത്രിക്കുന്നതായി അയാള്‍ക്ക് തോന്നി...
                                        ''വാടി വീഴുമ്പോള്‍ പോലും എന്‍റെ മലരുകള്‍ വേദനിക്കരുത്...  പിരിഞ്ഞു പോവുമ്പോള്‍ പോലും എന്നെ കണ്ടാ മിഴിയൊന്നു നിറയരുത് ..!! ''
                               ________________________________________________
                                                            ----Shaleer Ali----

10 comments:

  1. വളരെ നന്നായി എഴുതി ഷലീർ,
    നല്ല ഒഴുക്കുണ്ട് താങ്കളുടെ എഴുത്തിന്ന്.

    പൂന്തോട്ടത്തെ പ്രണയിച്ച പൂവും ഒരിക്കൽ വാടിപോകും

    ആശംസകൾ

    ReplyDelete
  2. ഇതും ഷലീറിന്‌റെ ബ്ളോഗാണോ? !!! വളരെ നല്ല ഒരു കഥ... തുടക്കം മുതല്‍ അവസാനം വരെ തന്‍മയത്തത്തോടെ എഴുതിയിരിക്കുന്നു... അവസാന ഭാഗത്ത്‌ ചില സംശയങ്ങള്‍ വായനക്കാര്‍ക്കുണ്‌ടാക്കുമെന്ന് തോന്നുന്നു... ബസിനടിയില്‍ അരഞ്ഞ ശരീരം ആരുടേതാണെന്ന്.... കഥ പറയുന്നയാളും, കഥാപാത്രവും ഒന്നു തന്നെയായിരിക്കുമല്ലേ... അങ്ങനെയായാലേ സംഗതി ഞാന്‍ ഉദ്ദേശിച്ച തലത്തിലേക്കെത്തുകയുള്ളൂ.

    ReplyDelete
  3. ശലീര്‍, കഥയുടെ അവസാന ഭാഗം ഒന്നൂടെ ശരിയാക്കാമായിരുന്നു എന്നെനിക്ക് തോന്നുന്നു. എന്നാലും എനിക്കിഷ്ടായി നന്നായിട്ടുണ്ട്...

    "വാടി വീഴുമ്പോള്‍ പോലും എന്‍റെ മലരുകള്‍ വേദനിക്കരുത്... പിരിഞ്ഞു പോവുമ്പോള്‍ പോലും എന്നെ കണ്ടാ മിഴിയൊന്നു നിറയരുത് ..!! ''

    ReplyDelete
  4. ഡിയര്‍ ഷാജു... മോഹി ഭായ് ,... മുബിത്താത്ത ... എല്ലാര്‍ക്കും നന്ദി .. നിങ്ങള്‍ പറഞ്ഞ പോലെ ഞാന്‍ അവസാന ഭാഗത്ത്‌ കുറച്ചു തിരുത്തിയിട്ടുണ്ട് ..... ഇനിയും പ്രതീക്ഷിക്കുന്നു ഈ പിന്തുണ സസന്തോഷം...............

    ReplyDelete
  5. നല്ല ഭാഷയും ശൈലിയുമുണ്ട് ഷലീറിനു......നല്ല കഥ. അനുയോജ്യമായ ഭാഷ.

    എന്നാലും എന്റെ വ്യക്തിപരമായ അഭിപ്രായം ഷലീരിന്റെ കവിതകളുടെ ആ അഗ്നി കഥയില്‍ നിന്ന് കിട്ടുന്നില്ല എന്നാണ്.....

    എല്ലാ നന്മകളും നേരുന്നു.....

    ReplyDelete
  6. ഇങ്ങനെ ഒരു സംഗതി ഉണ്ടായിരുന്നു അല്ലെ ? മംമ്മ്മം ഞാന്‍ ഇപ്പോഴാ അറിഞ്ഞത്... കവിത മാത്രമല്ല കഥയും വരുന്നുണ്ട്... കഥ നന്നായി.... ഒഴുക്കുള്ള രചനയാണ് ഇതിലെ വിജയം... നല്ല രചന ശലീര്‍.

    ReplyDelete
  7. മനോഹരം ഷലീര്‍, വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  8. നന്നായിട്ടുണ്ട്...
    ഇതില്‍ ഒരു ഫോളോവാര്‍ വിട്ജെറ്റ്‌ ചേര്‍ക്കൂ ആശാനേ...:)

    ReplyDelete
  9. നന്നായിരിക്കുന്നു ശലീ ,,പ്രദീപ്‌ മാഷ്‌ പറഞ്ഞ പോലെ കവിത തന്നെയാണ് ശലീറിനു കൂടുതല്‍ വഴങ്ങുന്നത് എന്ന അഭിപ്രായം എനിക്കും ഉണ്ട്

    ReplyDelete